Wednesday, April 2, 2008

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിക്കല്ല് മൂടി

ദാരികനുമായി കാളി യുദ്ധം തുടങ്ങുന്നതിനെയാണ് കോഴിക്കല്ലുമൂടല്‍ ചടങ്ങ് സൂചിപ്പിക്കുന്നതെന്നാണ് വിശ്വാസം .
പരമ്പരാഗത അവകാശികളായ കൊടുങ്ങള്‍ല്ലൂര്‍ ഭഗവതിവീട്ടുകാരും വടക്കന്‍ കേരളത്തില്‍നിന്നെത്തിയ തച്ചോളി തറവാട്ടുകാരും ചേര്‍ന്നാണ് കോഴിക്കല്ലുമൂടല്‍ ചടങ്ങ് നിറവേറ്റിയത് .
ക്ഷേത്രത്തിലെ വടക്കേ നടയിലെ പ്രധാന ദീപ സ്തംഭത്തിന് താഴെ വൃത്താകൃതിയിലുള്ള രണ്ട് കല്ലുകള്‍ കുഴിയിട്ട് മൂടി അതിന് സമീപം മണല്‍ത്തിട്ടയുണ്ടാക്കി ചെമ്പട്ട് വിരിച്ചു.
അവകാശികളായ ഭഗവതി വീട്ടുകാരാണ് ചെമ്പട്ടുവിരിച്ചത് .തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ എന്ന് മൂന്നുവട്ടം ഭഗവതി വീട്ടുകാര്‍ വിളിച്ചു ചോദിച്ചു. ഈ സമയം തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ട് എന്ന അറിയിപ്പ് തച്ചോളി തറവാട്ടിലെ പതിനിധി പറയുകയും പൂവന്‍ കോഴിയെ സമര്‍പ്പിക്കുകയും ചെയ്തു.
ഇതോടെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കോണില്‍ വേണാട് രാജ്യത്തിന്റെ കൊടികള്‍ ഉയര്‍ന്നുപൊങ്ങി .വേണാടു രാജ്യവും കൊടുങ്ങല്ലൂര്‍ ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത് .
ചടങ്ങ് പൂര്‍ത്തിയായതോടെ ഭക്തര്‍ വടക്കേ നടയില്‍ ദേവീസ്തുതികള്‍ ആലപ്പിച്ചു.